തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിവേഴ്‌സ് ഹവാലയ‌്ക്ക് സഹായം ചെയ്‌തത് ആരെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം സമരം നടത്തുന്നത് സത്യം പുറത്തുവരാതിരിക്കാനാണ്. ശിവശങ്കറിനെ എന്തുകൊണ്ട് സര്‍വീസില്‍ നിന്ന് ഇതുവരെ പിരിച്ചുവിട്ടില്ലെന്ന് വ്യക്തമാക്കണം. ശിവശങ്കറും സ്വപ്‌നയും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വളരെ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തില്‍ ഭരണമാറ്റത്തിന് സമയമായി. അഴിമതി ഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. അഴിമതി മൂടിവയ്‌ക്കാന്‍ വര്‍ഗീയ പ്രചാരണവുമായി സര്‍ക്കാര്‍ ഇറങ്ങിതിരിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി മുരളീധരന് ചരിത്ര ബോധമില്ല. വിവരങ്ങള്‍ മനസിലാക്കിയിട്ട് വേണം സംസാരിക്കേണ്ടത്. നെഹ്‌റു ട്രോഫി വളളം കളിക്ക് ആ പേര് വന്നത് എങ്ങനെയാണെന്ന് അറിയാവുന്നവരോട് ചോദിച്ച് മനസിലാക്കണം. ഗോള്‍വാള്‍ക്കറിന്റെ പേര് ഒരു കാരണവശാലും രാജീവ് ഗാന്ധി സെന്ററിന് ഇടാന്‍ സമ്മതിക്കില്ല. രാജീവ് ഗാന്ധിയെ അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗോള്‍വാള്‍ക്കര്‍ക്ക് ബയോ ടെക്‌നോളജിയുമായി യാതൊരു ബന്ധവുമില്ല. കേരളത്തിന്റയോ ഇന്ത്യയുടെയോ പുരോഗതിക്ക് അദ്ദേഹം യാതൊരു സംഭാവനയും നല്‍കിയിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.