തിരുവനന്തപുരം : പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറ്റിയതില്‍ അതൃപ്തി രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താന്‍ നേരത്തെ അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ രാജിവെക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നെന്നും എന്നാല്‍ രാജി വെക്കേണ്ടതില്ലെന്നും തല്‍സ്ഥാനത്ത് തുടരുവാനും ചില ഉന്നത നേതാക്കള്‍തന്നെയാണ് ചെന്നിത്തലക്ക് ഉപദേശം നല്‍കിയതെന്നും കേരളത്തിലെ ഒരു ഐ ഗ്രൂപ്പ് നേതാവ് തന്നെ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ കടമ കൃത്യമായി നിര്‍വഹിച്ച ചെന്നിത്തലയെ അപമാനിച്ചു പുറത്തുവിടാനുള്ള ഗൂഡ ശ്രമമാണ് ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെ.സി.വേണുഗോപാല്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും കേരള രാഷ്ട്രീയത്തില്‍ ഒതുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് രാജിവെക്കാന്‍ തയ്യാറായ രമേശ് ചെന്നിത്തലയെ പുറത്താക്കി പ്രതികാരം ചെയ്തതെന്നും കരുതുന്നു.