തിരുവനന്തപുരം: ലതിക സുഭാഷിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്നും ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതിഷേധങ്ങളും പരാതികളും സ്വാഭാവികമാണെന്നും എല്ലാം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമാണ് . കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലതിക സുഭാഷുമായി ഷാനിമോള്‍ ഉസ്മാനും, ബിന്ദു കൃഷ്ണയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു പോരാട്ടത്തിലാണ് നമ്മള്‍. ആ പോരാട്ടം നടക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിക്കകത്ത് അവരുടെ കഴിവുകള്‍ വിനിയോഗിക്കാനുള്ള അവസരമുണ്ടാകും. ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കേണ്ട അവസരമാണ്. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കണം. യുഡിഎഫിന്റേതാണ് ഏറ്റവും മികച്ച ലിസ്റ്റ്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലിസ്റ്റ് പരിശോധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.