പാലക്കാട് : ചെറാട് മലയില്‍ വീണ്ടും ആളുകള്‍. ബാബു കുടുങ്ങിയ ചെറാട് മലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മലയുടെ മുകളില്‍ നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് കയറിയ ആളെ രാത്രിയില്‍ തന്നെ വനം വകുപ്പ് കണ്ടെത്തി താഴെയെത്തി്ച്ചു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ എന്ന ആളായിരുന്നു മലമുകളില്‍ കയറിയത്. ആറ് മണിയോട് അടുക്കുമ്പോളാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി.
ബാബുവെന്ന യുവാവ് മലയിടുക്കില്‍ വീണതിനെതുടര്‍ന്ന് വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവം ഏതാനും ദിവസങ്ങള്‍ മുന്‍പ് ആണ് ഉണ്ടായത്. ഇതിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്‌ലാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നു. മൂന്ന് ലൈറ്റുകള്‍ മുകളില്‍ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരാളെ കൊണ്ട് വന്ന് ജോലി അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നല്‍കുന്ന പ്രാഥമിക കണക്ക്.