തിരുവനന്തപുരം : രണ്ടു പതിറ്റാണ്ട് കാലത്തെ ചുവപ്പു കൊടിയും ,രാഷ്ട്രീയവുമായുള്ള ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രിലേക്കെത്തുന്ന ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് എ.കെ ആന്റണി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്ന ഉടനെ ആര്‍ക്കും പദവികള്‍ കിട്ടില്ല. ചെറിയാന് രാജ്യസഭാ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആന്റണിയുടെ സീറ്റ് ചെറിയാന് നല്‍കുമോ എന്ന ചോദ്യത്തിനാണ് മറുപടി. അങ്ങനെ ചെറിയാനും ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ വരവ് അണികള്‍ക്ക് ആവേശം ഉണ്ടാക്കും.
ആദ്യകാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങള്‍ പിന്നീട് പറഞ്ഞുതീര്‍ത്തുവെന്നും ആന്റണി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട സമയത്ത് ഒരു ആഘാതമായിരുന്നു. അക്കാലത്ത് അദ്ദേഹത്തോട് ചെറിയ പരിഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കകം അതുമാറി. പിന്നീട് ചെറിയാന്‍ തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടായിരുന്നു. ചെറിയാനുമായി മഞ്ഞുരുക്കം 17വര്‍ത്തിനുമുമ്പേ കഴിഞ്ഞതാണ്. ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് എ.കെ ആന്റണി പറഞ്ഞു. ചെറിയാന്‍ ഒറ്റ പാര്‍ട്ടിക്കൊടിയേ പിടിച്ചുള്ളൂ. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ 20 വര്‍ഷമായി സി.പി.എം പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.