കോഴഞ്ചേരി : കീക്കൊഴൂർ സർവീസ് സഹകരണബാങ്കിന്റെ കെട്ടിടത്തിൽ കഴിഞ്ഞ 37 വർഷത്തിലധികമായി വാടകയ്ക്ക് പ്രവർത്തിക്കുന്ന ചെറുകോൽ പഞ്ചായത്ത് കൃഷിഭവൻ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു. കൃഷിഭവൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. 1987-ൽ വി.വി.രാഘവൻ കൃഷിമന്ത്രിയായിരുന്ന കാലത്താണ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിഭവനുകൾ രൂപവത്കരിക്കുന്നത്. അന്നുമുതൽ ചെറുകോൽ പഞ്ചായത്തിലെ കൃഷിഭവൻ കീക്കൊഴൂർ സർവീസ് സഹകരണബാങ്കിന്റെ കെട്ടിടത്തിലാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. നിലവിൽ കൃഷിഭവൻ പ്രവർത്തിക്കുന്ന കെട്ടിടം സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയാണ്.
ഒരു കൃഷി ഓഫീസർ, രണ്ട് കൃഷി അസിസ്റ്റന്റ്, ഒരു പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ നാല് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വിതരണത്തിനായി എത്തിക്കുന്ന തൈകൾ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സൂക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. വളവും മറ്റ് കാർഷിക വസ്തുക്കളും ഓഫീസിൽ സൂക്ഷിക്കുന്നതിന് ഒരു സൗകര്യവുമില്ല. വർഷത്തിൽ 12500 രൂപയാണ് കെട്ടിടത്തിന് വാടകയിനത്തിൽ നൽകുന്നത്. കാലപ്പഴക്കംമൂലം കെട്ടിടത്തിന്റെ കോൺക്രീറ്റ് പല ഭാഗത്തും അടർന്നുവീഴുന്ന സാഹചര്യവുമുണ്ട്. കറന്റ് പോയിക്കഴിഞ്ഞാൽ കെട്ടിടത്തിനുള്ളിൽ വെളിച്ചത്തിന് സൗകര്യവുമില്ല.