റാന്നി : ഒന്നിച്ച് നിന്നാൽ മാത്രമേ കലിയുഗത്തിന്റ അധർമ്മത്തെ എതിർത്ത് തോൽപ്പിച്ചു കൊണ്ട് ധർമ്മ സംസ്ഥാപനം നടത്താൻ സാധിക്കൂയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. 109 മത് അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ അയ്യപ്പ ധർമ്മ സഭയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചർ.
കലിയുഗവരദൻ കലിയുഗത്തിന്റെ തിന്മകൾക്ക് എതിരെ പോരാടാൻ നിയോഗിക്കപ്പെട്ടതാണ്. കലിയുഗം എന്നാൽ അധർമമാണ്. ഒന്നിച്ചു നിന്നാൽ മാത്രമേ കലിയുഗത്തിലെ അധർമത്തെ പുറന്തള്ളി വിജയിക്കാൻ പറ്റുകയുള്ളൂ. ശരണ മന്ത്രം പോലും കൂട്ടമായി ആണ് വിളിക്കുന്നത്- ഒന്നിക്കാൻ തയ്യാറാവുക . അയ്യപ്പൻ പകർന്നു നൽകുന്നത് ഐക്യത്തിനും പോരാട്ടത്തിനുമുള്ള സന്ദേശമാണ്. ഇന്നത്തെ പല സമസ്യകളും അയ്യപ്പനിലൂടെ പരിഹരിക്കാൻ സാധിക്കും.
അയ്യപ്പ തത്വം എന്ന വിഷയത്തിൽ അഡ്വ. ശങ്കു റ്റി. ദാസ് പ്രഭാഷണം നടത്തി. ഹിന്ദുമത മഹാമണ്ഡലം ട്രഷറർ ടി കെ സോമനാഥൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ തിരുവാഭരണ പേടകവാഹകരായ ഗുരുസ്വാമിമാരായ കുളത്തിനാൽ ഗംഗാധരൻ പിള്ള, മരുതവന ശിവൻകുട്ടി, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ എന്നിവരെ ഹിന്ദു മത മഹാമണ്ഡലം ആദരിച്ചു. മത പാഠശാല ബാലഗോകുലം വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. യോഗത്തിൽ ഇലന്തൂർ ഹരിദാസ്, ജി രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.