ചെട്ടികുളങ്ങര : കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് ദേവീക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേശക്കാർ പരമ്പരാഗത അചാരാനുഷ്ഠാനങ്ങളോടെ ദർശനം നടത്തി. രാവിലെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്ന 13 കരകളുടെ സംഘടനയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് ഭാരവാഹികൾ, കരനാഥൻമാർ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ, ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർചേർന്ന് കിഴിപ്പണവും പട്ടുടയാടയും കൊടുങ്ങല്ലൂരമ്മയ്ക്ക് സമർപ്പിച്ചു. തുടർന്ന് ക്ഷേത്ര അവകാശികളായ കൊടുങ്ങല്ലൂർ കോവിലകത്തെ രാജപ്രതിനിധി സുരേന്ദ്രവർമരാജയ്ക്ക് ചെട്ടികുളങ്ങര ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ഹരികൃഷ്ണൻ കാഴ്ചക്കുലയും ദക്ഷിണയും സെക്രട്ടറി എം. മനോജ് കുമാർ വസ്ത്രവും നൽകി.
കരക്കാർ അമ്മയുടെ അപദാനങ്ങൾ വാഴ്ത്തിയുള്ള കുത്തിയോട്ടപ്പാട്ടുകൾ പാടി. കൊടുങ്ങല്ലൂരമ്മ ചെട്ടികുളങ്ങരയമ്മയുടെ മാതാവാണെന്നാണു വിശ്വാസം. കൺവെൻഷൻ ജോയിൻറ് സെക്രട്ടറി ജി. സതീഷ്, ട്രഷറർ പി. രാജേഷ്, ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഖിൽ ജി. കുമാർ, ക്ഷേത്രസംബന്ധി ജെ. മധുകുമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ, തിരുവിതാംകൂർ ദേവസ്വം ഭാരവാഹികൾ, കരനാഥൻമാർ തുടങ്ങിയവർ നേതൃത്വം നൽകി. മറ്റു ക്ഷേത്രങ്ങളിലെ ദർശനത്തിനുശേഷം ദേവിയുടെ ദാരുവിഗ്രഹത്തിനു തടിനൽകിയ ആറന്മുള തോട്ടത്തിൽ മണ്ണിൽ വീട്ടിൽ എത്തിച്ചേർന്നു. ആറന്മുള ക്ഷേത്രത്തിലെ ദീപാരാധന ദർശനത്തിനുശേഷം സംഘം രാത്രിയോടെ ചെട്ടികുളങ്ങരയിൽ തിരിച്ചെത്തി.