മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി – യുഡിഎഫ് ബന്ധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ കാണിച്ച വഞ്ചനയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് പിണറായി പറഞ്ഞു. ചുങ്കത്തറ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പേരെടുത്തു പറയാതെ പിവി അൻവറിനേയും യുഡിഎഫിനെയും മുഖ്യമന്ത്രി വിമർശിച്ചത്. യുഡിഎഫ് അങ്കലാപ്പിലാണെന്ന് അവരുടെ നടപടികളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിലെ വലിയ ഒരു വിഭാഗം അകറ്റി നിർത്തിയ കൂട്ടരാണ് ജമാ അത്തെ ഇസ്ലാമി. പാണക്കാട് തങ്ങൾ മാധ്യമം പത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പോയിരുന്നോ?. ലീഗ് നേതൃത്വം ആലോചിക്കുന്നത് നന്നാകും. ജമാ അത്തെ ഇസ്ലാമിയെ കൊണ്ട് നടക്കുന്നവരും ലീഗ് നേതൃത്വവും ആലോചിക്കുന്നത് നന്നാകുമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വിഭാഗം എൽഡിഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണ്. അവസര വാദ നിലപാട് സ്വീകരിക്കുന്നു. ഇത്തരം ശക്തികളോട് അയവ് ഏറിയ സമീപനം നാടിന് ഗുണം ചെയ്യുമോ?. നാടിൻ്റെ നന്മയ്ക്ക് ഉതകുന്ന നിലപാടല്ലേ സ്വീകരിക്കേണ്ടത്. ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ല. നിൽക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിത്. അവിശുദ്ധ ധാരണയും നീക്കുപോക്കും എൽഡിഎഫിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഒരു വിഘടന, വിഭാഗീയത, വർഗീയ ശക്തിയുടെയും പിന്തുണ എൽഡിഎഫിന് ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.