വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. അടുത്ത മാസം രണ്ടിനാണ് തുറമുഖത്തിന്റെ കമ്മീഷനിങ്ങ്. ഇതിനു മുന്നോടിയായി പ്രദേശം വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രി ഇവിടം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളും വിഴിഞ്ഞത്തെത്തി. തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ്ങ് മെയ് 2 നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നിർവഹിക്കുക.
ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ഓഫീസിന്‍റെ മുൻവശത്ത് സംഘാടക സമിതിയുടെ ഓഫീസ് പ്രവർത്തിച്ചു വരുകയാണ്. കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പ്രൈവറ്റ് ബസ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പിന്തുണ ഉറപ്പ് നൽകി.