തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്ന ഗുണ്ട 19 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണ്. ഗുണ്ടകൾ സംസ്ഥാനത്ത് അഴിഞ്ഞാടിയിട്ടും പോലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കാണ്. ഇത്തരത്തിലാണ് പോലീസിന്റെ പ്രവർത്തനമെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടേണ്ടി വരും. പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുന്നു. അതു കൊണ്ട് പാര്‍ട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. കോട്ടയത്തെ സംഭവം കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഗുണ്ടാ ലിസ്റ്റിലുള്ള കോട്ടയം സ്വദേശിയായ കെ.ടി ജോമോന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുറ്റത്ത് വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ കൊലപ്പെടുത്തി എത്തിക്കുകയും പോലീസുകാരോട് ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് കെ.ടി ജോമോനെ നഗരത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്.