തിരുവനന്തപുരം : സിപിഐ കൈയാളുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. അധികാരം നഷ്ടമാകുന്നതില്‍ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് എതിര്‍പ്പുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി സിപിഎമ്മിനും സിപിഐയ്ക്കും ഇടയിലുള്ള തര്‍ക്ക വിഷയം കൂടിയാണിത്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും ഇക്കാര്യത്തില്‍ തീര്‍പ്പ് ഉണ്ടായിട്ടില്ല. അധികാരങ്ങള്‍ വിട്ടുകൊടുക്കുന്നതിനെതിരേ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കാമെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.
കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും റവന്യൂ വകുപ്പിന്റെ ഭാഗമായാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിലെ നിയമനത്തിന് 1എ, 2ബി എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ദുരന്ത ലഘൂകരണത്തിനുള്ള ആസൂത്രണം, തയ്യാറെടുപ്പ്, നിര്‍വ്വഹണം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ 1എ വിഭാഗത്തിലാണ് വരുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉള്‍പ്പെടെയുള്ള ചികിത്സാ സഹായ വിതരണം തുടങ്ങിയ കാര്യങ്ങളാണ് 2ബി വിഭാഗത്തില്‍ വരുന്നത്. ഇതില്‍ 1എ ഏറ്റെടുക്കുമെന്നാണ് സിപിഐയ്ക്ക് മുന്നില്‍ സിപിഎം വച്ചിരിക്കുന്ന നിര്‍ദേശം. മഹാമാരിയുടെ കാലമായതിനാല്‍ ആരോഗ്യവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളുടെ ഏകേപനം ദുരന്ത നിവാരണ അതോറിറ്റിക്ക് അനിവാര്യമാണ്. വിവിധ വകുപ്പുകളെ ഏകോപിക്കുന്ന ചുമതല ഏതെങ്കിലും ഒരു വകുപ്പിന് ചെയ്യാനാകില്ലെന്നും ഇത് മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുവെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നത്.