തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി നടത്തിയ മലപ്പുറം യാത്ര വിവാദത്തിൽ. വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന ചോദ്യം ഉയർത്തിയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം അടിയന്തിര സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും പൊതുജനത്തിന്റെ പണം ചെലവഴിച്ചിട്ടില്ലെന്നുമാണ് സർക്കാരിന്റെ പ്രതിരോധം. നിലമ്പൂരിലെ മഴക്കെടുതി സന്ദർശിക്കാൻ മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂർ വരെ പോയത് ചാർട്ടേഡ് വിമാനത്തിലാണ്. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കാത്ത യാത്ര എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ.
സ്‌പോൺസർഷിപ്പ് വിവാദവും ഇഡി അന്വേഷണവും ഒക്കെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സിപിഎമ്മിന് രാഷ്ട്രീയ ആയുധമായി കിട്ടിയത്. സമൂഹമാധ്യമങ്ങളിൽ എസ്എഫ്‌ഐ മുതൽ സിപിഎം വരെയുള്ള നേതാക്കൾ സജീവമായ വിമർശനവുമായി രംഗത്തെത്തി. ബിജെപിയും ഇക്കാര്യത്തിൽ കടുത്ത രാഷ്ട്രീയ ആരോപണമുന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം അയച്ചു കൊടുക്കുന്നതും ഹെലികോപ്റ്റർ അയച്ചു കൊടുക്കുന്നതും എന്തിനുവേണ്ടിയാണ്?, പൊതുജനത്തിനു മുമ്പിൽ പേര് പറയാൻ പറ്റാത്ത നികൃഷ്ടന്മാരാണോ മ്ലേച്ഛന്മാരാണോ നമ്മുടെ മുഖ്യമന്ത്രിയെ സഹായിക്കുന്നത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ചോദിച്ചു. മഴക്കെടുതി മേഖലയിൽ മുഖ്യമന്ത്രി അടിയന്തരമായി പോകണം എന്നുള്ള കാര്യത്തിൽ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന് തർക്കമില്ല. പക്ഷേ വിമാനയാത്രയെ സംബന്ധിച്ച് അദ്ദേഹവും കൈമലർത്തി. മുഖ്യമന്ത്രി തന്നെ അത് വിശദീകരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.






























