കുമരകം: വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ മകളെ ഒടുവില്‍ മരണം കവര്‍ന്നു. വെള്ളക്കെട്ടില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുമരകത്താണ് സംഭവം. കണ്ണാടിച്ചാല്‍ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ് – സവിത ദമ്പതികളുടെ ഏക മകള്‍ പ്രതീക്ഷ(ഒന്നര)യാണ് മരിച്ചത്. പാടത്തെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്.
ഇന്നലെ വൈകിട്ടോടെ കുട്ടിയെ കാണാനില്ലാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് കണ്ടെത്തിയത്. പാടശേഖരത്തിനു നടുവിലെ തുരുത്തില്‍ ആണ് ഇവര്‍ താമസിക്കുന്നത്. സമീപത്തെ വീടുകളില്‍ കുട്ടി പോകുന്നത് പതിവായിരുന്നു. കുട്ടി ഇവിടെ കാണുമെന്നു പ്രഭാഷും കുടുംബവും കരുതി. പിന്നീട് അന്വേഷിച്ചപ്പോള്‍ അയല്‍ വീടുകളില്‍ ഇല്ലെന്നു മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.