തിരുവനന്തപുരം : ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും തിരയുന്നവരുടെയും ഡൗൺലോഡ്, അപ്‌ലോഡ് ചെയ്യുന്നവരുടെയും വിവരശേഖരമൊരുക്കി പോലീസ്. കേരള സൈബർ ഡോമും കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവുമാണ് 350 പേരുടെ വിവരം ശേഖരിച്ചത്. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന ഓപ്പറേഷൻ പി-ഹണ്ട് പദ്ധതിയുടെ ഭാഗമായാണിത്. ഡാർക്നെറ്റ് വെബ്സൈറ്റുകളിലും രഹസ്യരീതിയിൽ പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയുമാണ് നിരീക്ഷിക്കുന്നത്.
പോലീസ് സജ്ജമാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിൽ പകുതിയോളം പേർക്കെതിരേ കുറ്റം ചുമത്താവുന്ന തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റകൃത്യം മറയ്ക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ മറ്റ് ഏജൻസികളുടെ സഹകരണവും തേടുന്നുണ്ട്. നോട്ടപ്പുള്ളികളുടെ സൈബർ പ്രവർത്തനങ്ങൾ മുഴുവൻസമയവും നിരീക്ഷണത്തിലാണ്.
ഇന്റർപോൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ വിവരശേഖരണത്തിനു പിന്നാലെയാണ് ഓപ്പറേഷൻ പി-ഹണ്ട് എന്ന പേരിൽ പരിശോധനകൾ ആരംഭിച്ചത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈമാറാൻ മാത്രം രഹസ്യമായി പ്രവർത്തിക്കുന്ന ചാറ്റ്റൂമുകൾ, രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ എന്നിവയും നിരീക്ഷണത്തിലാണ്.
ജൂൺ, ഒക്ടോബർ മാസങ്ങളിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുകയും ഒട്ടേറെ പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.