തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും സൈബര്‍ ലോകത്തു പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്താകെ 47 പേര് അറസ്റ്റില്‍. ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 143 ഉപകരണങ്ങളും പിടിച്ചെടുത്തു.
സംസ്ഥാനത്താകെ നടത്തിയ റെയ്ഡിലാണ് ഐടി രംഗത്തുള്ളവരും ഉയര്‍ന്ന ജോലിയുള്ളവരും ഉള്‍പ്പടെ പിടിയിലായത്. അടച്ചുപൂട്ടല്‍ കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കൂടുന്നതായി കേരളാ സൈബര്‍ ഡോമിന്റെയും കേരളാ പോലീസിന്റെ കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സപ്ലോയിറ്റേഷന്‍ വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 117 സംഘങ്ങള്‍ സംസ്ഥാനത്താകെ പരിശോധന നടത്തുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, ലാപ്ടോപ്പുകള്, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. പോലീസ് കണ്ടെത്തിയ വീഡിയോകളില്‍ പലതും സംസ്ഥാനത്തുള്ള ആറു വയസു മുതല്‍ 15 വരെയുള്ള കുട്ടികളുടേതാണെന്നും പോലീസ് അറിയിച്ചു.