കൊല്‍ക്കത്ത: മകളെ പണം വാങ്ങി വിറ്റ യുവതി അറസ്റ്റില്‍. പ്രതിയായ അമ്മ രൂപാലി മൊണ്ടല്‍ തന്റെ കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ നൊനഡംഗയിലെ റെയില്‍ കോളനിയില്‍ താമസിക്കുന്ന രൂപാലി ഒരു മാസം പോലും പ്രായമില്ലാത്ത മകള്‍ക്ക് പകരമായി പണം കൈപ്പറ്റിയതായി ആനന്ദപൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന്, പോലീസ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ മറുപടികള്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ യുവതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കേസില്‍ രൂപ ദാസ്, സ്വപ്ന സര്‍ദാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രൂപാലിയുടെ അയല്‍വാസിയായ പ്രതിമ ഭുയിന്‍യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍, അവര്‍ മിഡ്‌നാപൂരിലെ കല്യാണി ഗുഹ എന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പര്‍ണശ്രീ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഗുഹയെ അറസ്റ്റ് ചെയ്യുകയും, കുഞ്ഞിനെ അവിടെ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.