ഷൊർണൂർ: മഞ്ഞക്കാട് പരിയാന്തടത്ത് രണ്ട് കുട്ടികൾ മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നുമുള്ള മാതാവിന്റെ മൊഴി ശരിയല്ലെന്നാണ് കണ്ടെത്തൽ. മഞ്ഞക്കാട് പരിയാന്തടം വെളുത്തേടത്ത് വിനോദിന്റെ ഭാര്യ ദിവ്യ, മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ തലയിണ ഉപയോഗിച്ച് മുഖത്തമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി.
തുടർന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്ന മാതാവ് ആശുപത്രി യിലായിരുന്നു. തൂങ്ങി മരിക്കാനും ഇവർ ശ്രമിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ദിവ്യയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ഷൊർണൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ അമ്മയുടെ ദ്രോഹമാണ് കടുംകൈക്ക് പേരിപ്പിച്ചതെന്നാണ് ദിവ്യ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. കേസ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി ഷൊർണൂർ സിഐ പി.എം ഗോപകുമാർ പറഞ്ഞു.