റാന്നി: കാട്ടിനുള്ളിലെ കുട്ടികൾ ഇനി ഏറെ താത്പര്യത്തോടെ സ്കൂളിലെത്തും. നഗരത്തിലെ മികച്ച സ്കൂളുകളിലുള്ള കളിക്കോപ്പുകളോട് ചങ്ങാത്തം കൂടാൻ അട്ടത്തോട് സ്കൂളിലെ കുട്ടികൾക്ക് അവസരമൊരുങ്ങി. അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിന് പുതിയ ബഹുനില കെട്ടിടം ലഭിച്ചതോടെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളെ സ്കുളിലെത്തിക്കുവാൻ വിനോദ വിജ്ഞാന ഉപാധിയായാണ് ചെന്നൈയിൽ നിന്നും ബഹുവർണ ആധുനിക ഇലക്ട്രിക് കാറും സ്കൂട്ടറും സ്കൂളിലെത്തിയത്. വനത്തിലധിവസിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ തേൻ, കുന്തിരിക്കം, ഔഷധങ്ങൾ ഇവ ശേഖരിക്കാൻ കാട് കയറിയാൽ ആഴ്ചകളോളം കുട്ടികളും സ്കൂളിൽ വരാറില്ല. കാരണമൊന്നുമില്ലാതെ പഠനം മുടക്കുന്നതും സാധാരണമാണ്. സ്ഥിരമായി കുട്ടികളെ സ്കുളിലെത്തിക്കുവാൻ താത്പര്യം ജനിപ്പിക്കുവാൻ ഇത്തരം കളിക്കോപ്പുകൾ ആവശ്യമാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരി ശബരിമല വനമേഖലയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിലിനെ അറിയിച്ചതിനെ തുടർന്നാണ് മദ്രാസിൽ നിന്നും കളിക്കോപ്പുകൾ എത്തിച്ചു നൽകിയത്.
അട്ടത്തോട് സ്കൂളിൽ ടെലിവിഷൻ, ഫ്രിഡ്ജ്, യൂണിഫോം അലക്കി തേച്ച് നൽകുവാൻ വാഷിംഗ് മെഷീൻ, ഇസ്തിരി പെട്ടി ഇവ നൽകുകയുണ്ടായി. യൂണിഫോം തുടങ്ങി വിവിധ വിദ്യാഭ്യാസ സഹായങ്ങളും ആരോഗ്യ പരിപാലന കിറ്റുകളും വർഷങ്ങളായി സൊസൈറ്റി എത്തിച്ചു നൽകി വരുന്നുണ്ട്. കുട്ടികൾ ഏറെ ഉത്സാഹത്തോടെയും ആശ്ചര്യത്തോടെയുമാണ് വാഹനങ്ങൾ ഓടിച്ചത്. അവർക്ക് ലഭിച്ച പുതിയ അനുഭവത്തെ കയ്യടിയോടെയും ഹർഷാരവത്തോടെയും അവർ വരവേറ്റു. സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ കളിക്കോപ്പുകൾ ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരിക്ക് കൈമാറി. ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവേൽ തലക്കോട്ട്, സുബീഷ്.കെ.എം, അഭിലാഷ്.സി, ആശാ നന്ദൻ,അമിതാ എസ് എന്നിവർ പ്രസംഗിച്ചു.