കോഴിക്കോട് :ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. സ്പെഷൽ ബ്രാഞ്ച് എസിപി എ.ഉമേഷാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസുകാർക്കാണ് ഇവരുടെ സുരക്ഷാ ചുമതല. ഇവർക്ക് വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചുമതല ഉണ്ടായിരുന്നവർക്ക് ജാഗ്രതകുറവ് ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ ഇന്നലെ കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങിയോടിയ സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടിയിരുന്നു. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടൻ തന്നെ പിടികൂടിയിരുന്നു.
പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പോലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായവരാണ് ഫെബിനും കൊല്ലം സ്വദേശി ടോം തോമസും . മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബംഗലൂരുവിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്.