പാരീസ്: പാരീസ് ഒളിംപിക്‌സ് ഇന്ന് സമാപിക്കാനിരിക്കെ ഒന്നാമതെത്താന്‍ ചൈനയും അമേരിക്കയും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. നിലവില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അമേരിക്കയ്ക്ക് മുന്നിലാണ് ചൈന. നിലവില്‍ 39 സ്വര്‍ണവുമായി ചൈന ഒന്നാമതും 38 സ്വര്‍ണവുമായി അമേരിക്ക രണ്ടാമതുമാണ്. 42 വെള്ളി നേടിയ അമേരിക്ക ആകെ മെഡലുകളില്‍ ഏറെ മുന്നിലുണ്ട്. 42 വെളളിയും 42 വെങ്കലവും ഉള്‍പ്പടെ അവരുടെ മെഡല്‍ നേട്ടം 122 ആണ്. ചൈനയാകട്ടെ 39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവും ഉള്‍പ്പടെ 90 മെഡലുകളാണ് നേടിയത്. മൂന്നാം സ്ഥാനത്ത് 16 സ്വര്‍ണവുമായി ഓസ്‌ട്രേലിയയും ജപ്പാനുമാണ്. ആതിഥേയരായ ഫ്രാന്‍സിന് 16 സ്വര്‍ണവുമായി നാലാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പടെ ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71ാം സ്ഥാനത്താണ്. ചൈന ചാമ്പ്യന്മാരായാല്‍ അത് ചരിത്രമാകും. 2008-ല്‍ സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്‌സിലാണ് അവര്‍ ഇതിനുമുമ്പ് ഓവറോള്‍ ചാമ്പ്യന്മാരായത്.
ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില്‍ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സിലാണ്. 1998 ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടംനേടിയ ഗ്രൗണ്ടില്‍ എണ്‍പതിനായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളിതന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാപരിപാടിയുമുണ്ടാകൂം. മനു ഭാക്കറും പിആര്‍ ശ്രീജേഷും സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും.