ബെയ്ജിങ്: ആദ്യത്തെ സിവിലിയൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചൈനയുടെ ഷെൻഷൗ-16 പേടകം ബഹിരാകാശത്തെത്തിച്ചു. തങ്ങളുടെ ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ ക്രൂ മാറ്റത്തിനായാണ് ചൈന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് പ്രാദേശിക സമയം രാവിലെ 9.31ന് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന പേടകവും വഹിച്ചുള്ള ലോങ് മാർച്ച്-2എഫ് റോക്കറ്റ് കുതിച്ചുയർന്നതായി ചൈന മനുഷ്യ ബഹിരാകാശ ഏജൻസി (സി.എം.എസ്.എ) അറിയിച്ചു.
വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം ഷെൻഷൗ-16, റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ക്രൂ അംഗങ്ങൾ നല്ല നിലയിലാണെന്നും വിക്ഷേപണം പൂർണ വിജയമാണെന്നും സി.എം.എസ്.എ അറിയിച്ചു. മണിക്കൂറുകൾക്കുശേഷം ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തോട് ചേർന്നു.