ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ 17 കാരനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ പ്രസ്താവന, അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ഭാവിയായ ഒരു ആണ്‍കുട്ടിയെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ മിറാം തരോണിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു, പ്രതീക്ഷ കൈവിടില്ല… തോല്‍വി സമ്മതിക്കില്ല – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അപ്പര്‍ സിയാങ് ജില്ലയില്‍ നിന്നുള്ള 17കാരനെയാണ് ചൈനീസ് അര്‍മി തട്ടിക്കൊണ്ടു പോയത്.
സംഭവം നടക്കുമ്പോള്‍ യുവാക്കളും മറ്റുള്ളവരും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. പ്രാദേശിക വേട്ടക്കാരുടെ കൂട്ടത്തില്‍ ഈ യുവാവും ഉണ്ടായിരുന്നു. കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് യുവാവിനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയതയായി അറിയിച്ചതെന്ന് അപ്പര്‍ സിയാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ശാശ്വത് സൗരഭ് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ ഞങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. വേട്ടയാടുന്നതിനിടെ ഒരു ഇന്ത്യന്‍ പൗരന്‍ വഴി തെറ്റിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ഹോട്ട്ലൈന്‍ വഴി ബന്ധപ്പെട്ടിരുന്നു.
സ്ഥാപിത പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ കണ്ടെത്തുന്നതിനും തിരിച്ചയക്കുന്നതിനും ചൈനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്പോ നദിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് സമീപമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ഇന്ത്യക്കാരനായ രണ്ട് പൗരന്മാരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയത്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറോണ്‍ തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് ചൈന തട്ടിക്കൊണ്ടു പോയത്. ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങി എത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോയ വിവരവും മിറോം താരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണന്ന കാര്യം പുറത്തറിയുന്നത്.
അരുണാചല്‍ – ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി തപിര്‍ ഗാവോ, സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സഹായം തേടുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവം ഇതാദ്യമല്ല. 2020 സെപ്റ്റംബറില്‍, ഇന്ത്യന്‍ ആര്‍മിയുടെ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്ന ടാഗിന്‍ ഗോത്രത്തില്‍ നിന്നുള്ള അഞ്ച് യുവാക്കളെ, അരുണാചല്‍ പ്രദേശിനെയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെയും വിഭജിക്കുന്ന മക്‌മോഹന്‍ ലൈനിന്റെ ഇന്ത്യന്‍ ഭാഗത്തെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്ന് കാണാതായിരുന്നു.