ലഡാക്ക് : ലഡാക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈനികൻ പിടിയിലായി. അതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിച്ച സൈനികനെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്. ലഡാക്കിലെ റെസംഗ് ലാ മേഖലയിൽവച്ചാണ് സൈനികനെ സേന പിടികൂടിയത്. സൈനികൻ പിടിയിലായ വിവരം ചൈനയെ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. ദക്ഷിണ പാംഗോങ് സോ തടാകത്തിന് സമീപമുള്ള നിയന്ത്രണ രേഖയാണ് സൈനികൻ ലംഘിച്ചത്.
ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് സൂചന. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ചൈനീസ് സൈനികൻ ബോധപൂർവമാണോ അതിർത്തി ലംഘിച്ചതെന്ന കാര്യം പരിശോധിച്ചുവരികയാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് ഒരു പീപ്പിൾ ലിബറേഷൻ ആർമി സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടിയിരുന്നു.