ന്യൂഡല്‍ഹി : ശ്രീലങ്കയുടെ പ്രധാന തുറമുഖമായ ഹമ്പൻതോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പൽ’ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ‘യുവാൻ വാൻ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയിൽ എത്തുന്നത്.’ഗവേഷണ’ കപ്പൽ ഓഗസ്റ്റ് 11ന് ശ്രീലങ്കയിൽ എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലങ്കൻ അധികൃതരുമായി ഇന്ത്യ ചർച്ച നടത്തി.
ചൈനീസ് കപ്പലിന്റെ സന്ദർശനത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ചൈനയുടെ ‘യുവാൻ വാൻ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലിന്റെ നങ്കൂരമിടലുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സർക്കാർ ചൈനയുമായും ഇന്ത്യയുമായും രമ്യമായ ഒരു പരിഹാര തേടാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ലങ്കൻ മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. യുവാൻ വാങ് 5 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബഹിരാകാശ ട്രാക്കിംഗ്, ഉപഗ്രഹ നിയന്ത്രണം, ഗവേഷണ ട്രാക്കിംഗ് എന്നിവ നടത്തുമെന്നാണ് അഭ്യൂഹം.