തിരുവനന്തപുരം : മതംമാറാന്‍ തയാറാകാത്തതിന് സഹോദരീ ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം എം.എ.നിവാസില്‍ മിഥുന്‍ കൃഷ്ണയെ മര്‍ദ്ദിച്ച കേസിലെ പ്രതി ഡോ. ഡാനിഷ് ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് കഴിഞ്ഞ മാസം 28ന് ഇരുവരും ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി.
ഇരുവരെയും കാണാനില്ലെന്നു കാണിച്ച് കുടുംബങ്ങള്‍ ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. വരനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് ദീപ്തി പോലീസിനോട് പറഞ്ഞു. ഇതിനിടെ, ഡാനിഷ് ഇരുവരെയും പള്ളിയിലേക്കു വിളിച്ചു വരുത്തി വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പ് നല്‍കി. പള്ളിയിലെത്തിയ മിഥുന്‍ കൃഷ്ണയോട് മതം മാറാനും അല്ലെങ്കില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നതോടെ അമ്മയെ കാണിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിച്ചു തല്ലിച്ചതയ്ക്കുകയായിരുന്നു.