തിരുവനന്തപുരം : ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ക്കും പള്ളി വികാരിക്കുമെതിരെ മര്‍ദനത്തിന് ഇരയായ മിഥുന്‍ കൃഷ്ണന്‍. മതംമാറുകയോ അല്ലങ്കില്‍ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തില്‍ ചേര്‍ക്കാമന്ന് ഉറപ്പ് നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മിഥുന്‍ പോലീസിന് മൊഴി നല്‍കി. ഭാര്യ ദീപ്തിയുടെ സഹോദരന് പുറമേ പള്ളിവികാരിയും ഇക്കാര്യം ആവശ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യയുടെ സഹോദരന്‍ തല്ലിച്ചതച്ച മിഥുന്‍ കൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയായതോടെയാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ആശുപത്രിയിലെത്തി മൊഴിയെടുത്തത്. പ്രതിയായ ഡോക്ടര്‍ ഡാനിഷ് ജോര്‍ജിനും അരയതുരുത്തി ആള്‍ സെയ്ന്റ്‌സ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി. റജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് ഡാനിഷ് പള്ളിയിലേക്ക് വിളിച്ചുവരുത്തി. പട്ടികജാതി വിഭാഗത്തിലുള്ള മിഥുന്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ മാത്രമേ വിവാഹം നടത്താനാവൂവെന്നായിരുന്നു ആദ്യ ആവശ്യം. അത് നിരസിച്ചതോടെ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഡാനിഷിന് പുറമെ പള്ളി വികാരിയും ഈ ആവശ്യം മുന്നോട്ട് വച്ചെന്നാണ് മൊഴി.
അക്കാര്യം കുട്ടിയുണ്ടാകുമ്പോള്‍ ആലോചിക്കാമെന്ന് പറഞ്ഞതോടെ പള്ളിയിലെ സംസാരം രമ്യയമായി അവസാനിപ്പിച്ചു. അതിന് ശേഷം അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഡാനിഷിന്റെ വീടിന്റെ സമീപത്തെത്തിച്ച ശേഷമാണ് മര്‍ദനത്തിലേക്ക് കടന്നതെന്നും മൊഴിയിലുണ്ട്. നിലവില്‍ പോലീസെടുത്തിരിക്കുന്ന കേസില്‍ മതപരിവര്‍ത്തനശ്രമത്തിനോ ദുരഭിമാന മര്‍ദത്തിനോ ഉള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. മിഥുന്റെ മൊഴി പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ഡി.വൈ.എസ്.പി സുനീഷ് ബാബു അറിയിച്ചത്.