ചിറ്റാര്‍ : കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പി.പി മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരായ വനപാലകരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജൂലൈ മാസം 28 -ാം തിയതി വൈകുന്നേരം നാല് മണിക്ക് വനപാലകര്‍ അന്യായമായി കസ്റ്റഡിയില്‍ എടുത്ത പി.പി മത്തായിയുടെ ജഡം ദുരൂഹ സാഹചര്യത്തില്‍ കുടപ്പനയിലുള്ള കിണറ്റില്‍ കാണപ്പെടുകയായിരുന്നു. ഈ മരണം സംബന്ധിച്ച് ഓരോ ദിവസവും വനപാലകര്‍ ഓരോ കാര്യങ്ങളാണ് പറയുന്നത്. വനപാലകരുടെ കസ്റ്റഡിയില്‍ വെച്ച് ഒരു വ്യക്തി മരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപെടുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്ന് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ പറഞ്ഞു.
മത്തായിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സൗജന്യമായി നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഈ സമരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കുന്നതായും വനപാലകരെ രക്ഷപ്പെടുവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ വനപാലകര്‍ക്ക് തെളിവ് നശിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും ഇപ്പോള്‍ പ്രഖ്യാപിച്ചുട്ടുള്ള അന്വേഷണ സംഘം ചെയ്തുകൊടുത്തതായി അദ്ദേഹം ആരോപിച്ചു. പോസ്റ്റ്മാര്‍ട്ടം കഴിയുന്നതിനു മുന്‍പ് തന്നെ പോസ്റ്റ്മാര്‍ട്ടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് വനപാലകരും പോലീസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതികളെ രക്ഷിക്കുവാന്‍ പോലീസും വനംവകുപ്പും പരസ്യമായി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഒരു കേസിലും പ്രതിയല്ലാത്ത മത്തായിയെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. പ്രതികളുടെ പേരില്‍ കേസ് എടുക്കുന്നതുവരെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളളത്തറയില്‍ അദ്ധക്ഷത വഹിച്ച ധര്‍ണ്ണയില്‍ ആന്റോ ആന്റണി എം.പി, ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ലിജു ജോര്‍ജ്ജ്, വി.ആര്‍ സോജി, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ. ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്‍റ് റോയിച്ചന്‍ എഴിക്കകത്ത്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയല്‍ സീതത്തോട്, അലന്‍ ജിയോ മൈക്കിള്‍, സജി കുളത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.