ചിറ്റാര്‍ : 2020 ജൂലൈ 28ന് വനപാലകരുടെ കിരാത നടപടിയില്‍ കൊല്ലപ്പെട്ട ചിറ്റാർ സ്വദേശി പൊന്നുമത്തായിയുടെ രണ്ടാം അനുസ്മരണം കേരള ഇണ്ടിപെണ്ടന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (KIFA) ന്റെ നേത്രുത്വത്തില്‍ നടത്തി. രാവിലെ പൊന്നുമത്തായിയുടെ ശവകുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് മൂന്ന് മണിയ്ക്ക് വടശ്ശേരിക്കരയിൽ നിന്നും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ ജാഥ നടത്തി. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ നടത്തിയ അനുസ്മരണ സമ്മേളനം കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
പൊന്നുമത്തായിയുടെ കുടുംബത്തിന് എല്ലാവിധ നിയമ സഹായവും നല്‍കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അഡ്വ.ജോണി കെ ജോർജ്ജ് പറഞ്ഞു. സമ്മേളനത്തില്‍ പ്രസിഡണ്ട് ജോളി കാലായിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബിൻസു കൊക്കാത്തോട്, മാത്യു ജോസഫ് മുരുപ്പേൽ, എം റ്റി പ്രസാദ് ചിറ്റാർ, വർഗീസ് കുളത്തുങ്കൽ, ആന്റണി തോമസ് വടശേരിക്കര, രാജൻ തേക്കുത്തോട്, അജിത് കുമാർ റ്റി നായർ, വിജോയ് തോമസ്, റിയാ മേരി തോമസ്, സ്റ്റീഫൻ എബ്രഹാം മുണ്ടുകോട്ടക്കൽ, വിശ്വാനാഥൻ സീതത്തോട് എന്നിവര്‍ മത്തായിയെ അനുസ്മരിച്ചു.