ചിറ്റാര്‍ : എയിഡഡ് സ്‌കൂളുകള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ആരുമറിയാതെ അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയത്തിന് അംഗീകാരം നല്കി ഉത്തരവിറക്കി. ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം വര്‍ഷങ്ങളായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന അണ്‍-എയിഡഡ് വിദ്യാലയമാണിത്.
സമീപത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളടക്കം പ്രദേശങ്ങളിലെ ഏഴോളം എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് മാറിയാല്‍ അവയുടെ നിലനില്‍പ്പിനേയും ഇത് ബാധിക്കും. മാറിമാറി വന്ന വിവിധ സര്‍ക്കാരുകളുടെ കാലത്ത് അംഗീകാരത്തിനായി ശ്രമിച്ചിട്ടും ലഭിക്കാതിരുന്ന അനുമതി കോവിഡ് കാലത്ത് സംഘടിപ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാക്കള്‍ ആരോപിച്ചു.
ഹയര്‍ സെക്കന്ററി ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ അതിനു തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ സമീപ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ സ്വകാര്യ വിദ്യാലയത്തിന് അംഗീകാരം നല്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും ഇതില്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്ററും ഭരണകക്ഷി അധ്യാപക സംഘടനാ ഭാരവാഹികളും നയം വ്യക്തമാക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.പ്രേം , സെക്രട്ടറി വി.ജി. കിഷോര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.