അടൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അഗതികളായുള്ള റോഡില്‍ അലഞ്ഞുതിരിഞ്ഞുള്ളവരെ കണ്ടെത്തി അടൂര്‍ കരുവാറ്റ ഗവണ്‍മെന്റ് എല്‍.പി.എസില്‍ ലോക്ക് ഡൗണ്‍ കഴിയുംവരെ താമസിപ്പിക്കാനുള്ള ക്യാമ്പ് ഒരുക്കി നല്‍കി. അടൂര്‍ ജനമൈത്രി പോലീസ്, അടൂര്‍ നഗരസഭ, മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെ 37 അന്തേവാസികള്‍ ഈ ക്യാമ്പില്‍ ഉള്ളത്. ഹോമിയോപ്പതി ഡി.എം.ഒ ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദിന്റെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാനും വിനോദത്തിനുമായി ടെലിവിഷനും ഇവിടെ സ്ഥാപിപ്പിട്ടുണ്ട്, കൂടാതെ കൗണ്‍സിലിംഗ്, കലാപരിപാടികള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയാണ് മൂന്ന് നേരവും ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനല്‍കുന്നത്.