പന്തളം : ചിറ്റിലപ്പാടത്തെ നെല്‍കര്‍ഷകര്‍ വിളവെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയില്‍. കാലം തെറ്റി പെയ്ത മഴമൂലം കൃഷിയിറക്കാന്‍ കാലതാമസം നേരിട്ടെങ്കില്‍ ഇപ്പോള്‍ കാലം തെറ്റി വന്ന വേനല്‍മഴയും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ മാസം അവസാനവാരവും മേയ് ആദ്യവാരവുമായ് വിളവെടുക്കാന്‍ തയാറായി വരുന്ന നെല്‍കൃഷിക്കാണ് ഈ ദുഃസ്ഥിതി. കൃഷിയിറക്കാന്‍ താമസിച്ചപ്പോള്‍ മൂപ്പുകുറഞ്ഞ വിത്താണ് കര്‍ഷകര്‍ക്ക് കൃഷി ഓഫിസില്‍നിന്ന് നല്‍കിയത്. പാകമാകാത്ത നെല്ലില്‍ കൂറ്റന്‍ കതിരുകളാണുള്ളത്. പുഞ്ചയില്‍ നിറയുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സൗകര്യമില്ല. തോടുകളില്‍ കാടും പായലും നിറഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മുണ്ടന്‍തോട് നവീകരണത്തിന് നഗരസഭ 50,000 രൂപ അനുവദിച്ചെങ്കിലും ഇത് പര്യാപ്തമല്ല. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശക്ക് പണമെടുത്തും കൃഷിയിറക്കിയ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വെള്ളം വറ്റിക്കുന്നതടക്കമള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പന്തളം നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.ആര്‍ വിജയകുമാര്‍, കെ.ആര്‍ രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.