കോന്നി : അച്ഛൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിലാരംഭിച്ച അട്ടച്ചാക്കൽ ചിറ്റൂർ കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2016 ഫെബ്രുവരി ഇരുപത്തിയാറിനാണ് പാലത്തിൻ്റെ ശിലാസ്ഥാപനം നടന്നത്.
എന്നാൽ ആയിരക്കണക്കിന് ആളുകളുടെ യാത്രയ്ക്ക് ഗുണകരമായി തീരേണ്ടിയിരുന്ന പാലത്തിൻ്റെ നിർമ്മാണം ഇപ്പോൾ എങ്ങും എത്താതെ നിൽക്കുകയാണ്. യു ഡി എഫ് സർക്കാരിൻ്റെ ഭരണകാലത്ത് റവന്യൂ വകുപ്പിൻ്റെ റിവർമാനേജ്മെൻ്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിൻ്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്.
എന്നാൽ പണികൾ ആരംഭിച്ചിട്ടും ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് പാലം നിർമ്മാണം നിർത്തിവെച്ചത്. നദികളുടെ ഇരുകരകളിലുമായുള്ള പ്രധാനപ്പെട്ട മൂന്ന് തൂണുകളുടെ പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്നും കോന്നി കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്.
അട്ടച്ചാക്കൽ ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽ നിന്നും മറുകരയിലെ ഒന്നാം വാർഡിലേക്കാണ് പാലം വരുക. മൂന്ന് വർഷത്തിലേറേയായി നിർമ്മാണം നിലച്ചിട്ട്. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിൽ പ്രമാടം, കോന്നി,മലയാലപ്പുഴ എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പ്രയോജനം ചെയ്തേനെ. കോന്നി നഗരത്തിലെ ഗതാഗത കുരുക്കിനും ഇത് പരിഹാരമാകും.