തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ കൊടുങ്കാറ്റിന് തുടക്കമിട്ട് ബിജെപി. ന്യൂനപക്ഷ മത വിഭാഗങ്ങളുമായുള്ള ചർച്ചകളിൽ തെറ്റിധാരണയും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള അകൽച്ചയും മാറിയതോടെ നേതാക്കളടക്കം വൻ ജനാവലി ബിജെപിയിലേയ്ക്ക്. എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ വിട്ട് വരുന്ന നേതാക്കന്മാരിൽ ഒരുവിഭാഗം നേരിട്ട് ബിജെപിയിലേക്കെത്തും. അവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകും. മറ്റൊരു വിഭാഗം നാഷണിലിസ്റ്റ് പ്രോഗ്രസ്സിവ് പാർട്ടി എന്ന പുതിയ പാർട്ടിയുണ്ടാക്കി എൻ ഡി എ യ്‌ക്കൊപ്പം നിർത്തും. ബിജെപി ദേശീയ നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. മത മേലദ്ധ്യക്ഷന്മാർ അടുത്തിടെ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തിയിരുന്നു.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ബിജെപിയ്ക്ക് പങ്കുണ്ടെന്ന നിലയിലുള്ള എൽ ഡി എഫ് യു ഡി എഫ് മുന്നണികളുടെ പ്രചാരണം വിവിധ ക്രൈസ്തവ സംഘടനകൾ ഇതിനോടകം തള്ളിക്കഴിഞ്ഞു. ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനുമുമ്പ് എന്‍.പി.പി. രൂപവത്കരിക്കും. ശനിയാഴ്ച പ്രഖ്യാപനത്തിന് സാധ്യതയുണ്ട്. ഈ പാര്‍ട്ടിക്ക് ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍നിന്നുള്ള പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി. ദേശീയ നേതാക്കള്‍തന്നെ രംഗത്തുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല വിവിധ ക്രൈസ്തവസഭാ നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു.
രാജിവെച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് അടക്കമുള്ളവരുമായും ചര്‍ച്ചനടന്നിട്ടുണ്ടെന്നാണ് സൂചന. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബി.ജെ.പി.യില്‍ എത്തുകയും പിന്നീട് പാര്‍ട്ടി വിടുകയുംചെയ്ത എറണാകുളത്തെ മുതിര്‍ന്ന നേതാവ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രധാന മതമേലധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ നേതാവ്. സമീപകാലത്ത് രൂപവത്ക്കരിച്ച ചില ക്രൈസ്തവ സംഘടനകളും ഈ പാര്‍ട്ടിയുടെ ഭാഗമാകും. കാസാ, ആക്ട്‌സ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരും പുതിയ പാര്‍ട്ടിയിലെത്തും. കത്തോലിക്കാ കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില മതമേലദ്ധ്യക്ഷന്മാരും പാര്‍ട്ടി പ്രഖ്യാപനത്തിന് വേഗംകൂട്ടാനായി രംഗത്തുണ്ട്.
ക്രൈസ്‌തവ സംഘടനാ നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മാത്രമല്ല താഴെത്തട്ടിലും വലിയരീതിയിൽ ന്യുനപക്ഷ സമുദായാംഗങ്ങളെ ഉൾപ്പെടുത്തി അടിത്തറ വിപുലീകരിക്കുകയാണ് ബിജെപി. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പരമാവധിപേരെ പാര്‍ട്ടിയിലെത്തിക്കണമെന്നാണ് നിര്‍ദേശം. ക്രൈസ്തവദേവാലയങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരെയും ഇടവക കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെയും എത്തിക്കണമെന്ന നിർദ്ദേശം കീഴ് ഘടകങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. കൂടാതെ പാർട്ടിയിലേക്ക് വരുന്ന നേതാക്കന്മാരെ സ്വീകരിക്കാൻ കൂറ്റൻ റാലികൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്.