മല്ലപ്പള്ളി : ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിരവധി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന ഇവിടെ എപ്പോഴും തിരക്കാണ്. അമിതഭാരം കയറ്റി വരുന്ന ടിപ്പറുകളുടെ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങുമുള്ള മത്സരയോട്ടവും തിരക്ക് വർദ്ധിപ്പിക്കുകയാണ്. ചുങ്കപ്പാറ ടൗൺ മുതൽ ഷെറിന മെഡിക്കൽ സെന്റർ വരെ റോഡിന്റെ ഇരു വശങ്ങളിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി തോന്നിയ പോലെയാണ് പാർക്ക് ചെയ്യുന്നത്.
ഇരു വശങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മിക്കപ്പോഴും ഈ റോഡിൽ ഗതാഗതക്കുരുക്കാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാതിരുന്നവർ തിരികെ വന്ന് വാഹനങ്ങൾ മാറ്റുന്നതുവരെ മറ്റ് വാഹനങ്ങൾ കാത്തു കിടക്കേണ്ട ഗതികേടിലാണ്. ഇത് ചിലപ്പോൾ ഏറെ നേരം വാഹന ഗതാഗതത്തിന് തടസ്സമാകുകയാണ്. തിരക്കേറിയ ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.