മലപ്പുറം : 11 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തിരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എല്‍ഡിഎഫിലെ നജ്മുന്നീസ പ്രസിഡന്റായത്. ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിഷിദ മുഹമ്മദലിയെ 9 നെതിരെ 11 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞെടുപ്പില്‍ 10 വീതം സീറ്റുകള്‍ നേടി ഇരുപക്ഷവും തുല്യത പാലിച്ചെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വത്സമ്മ സെബാസ്റ്റ്യന് നറുക്ക് വീണു. പ്രസിഡന്റ് യുഡിഎഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതായും യുഡിഎഫില്‍ ആരോപണമുയര്‍ന്നിരുന്നു.
കളക്കുന്ന് 14-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രയായി വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തേക്ക് വന്നതോടെ യുഡിഎഫിന്റെ അംഗസംഖ്യ 9 ആയി. കഴിഞ്ഞ ഇലക്ഷനില്‍ സിപിഎം 10, ലീഗ് 3, കോണ്‍ഗ്രസ് 7 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 ല്‍ 10 സീറ്റ് നേടിയെങ്കിലും നറുക്കെടുപ്പിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്രയുടെ പിന്തുണകൂടി ലഭിച്ചതോടെ എല്‍ഡിഎഫിന് 11 അംഗങ്ങളായി. നിലമ്പൂര്‍ ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ ജയശ്രീയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരണാധികാരി.