കൊച്ചി: സിഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ സൈജു എ വിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അറസ്റ്റിനായി ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. ഇടത് അനുകൂല പോലീസ് സംഘടനാ നേതാവായ സൈജുവിനെ പിരിച്ചുവിടാതെ സർക്കാരിൽ സ്വാധീനമുള്ള ഒരു എഡിജിപി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.സൈജു രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയാണ്. മലയിൻകീഴ് ഇൻസ്‌പെക്‌ടറായിരിക്കെയാണ് സൈജുവിനെതിരെ ഒരു വനിതാ ഡോക്‌ടറും അദ്ധ്യാപികയും പരാതി നൽകിയത്. പരാതി നൽകാനെത്തിയ ഡോക്‌ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഈ കേസിൽ ജാമ്യം ലഭിക്കുന്നതിനായി പോലീസ് രജിസ്റ്ററിൽ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.