തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയില്‍ സിനിമ ഷൂട്ടിങ്ങിനായി രോഗികളെ മാറ്റിക്കിടത്തിയെന്ന് പരാതി. കഴിഞ്ഞ 2 ദിവസമായി വയോധികരുടെ വാര്‍ഡില്‍ ഷൂട്ടിങ് നടക്കുന്നതിനാല്‍ കിടപ്പു രോഗികളെയും മറ്റു രോഗം ഉള്ളവരെയും കുഞ്ഞുങ്ങളുടെ വാര്‍ഡിലേക്കു മാറ്റിയെന്നാണു പരാതി. ഷൂട്ടിങ് നടക്കുന്നതിനാല്‍ കൃത്യ സമയത്തു കുട്ടികള്‍ക്കു നെബുലൈസേഷന്‍ ചെയ്യാന്‍ പോലും നഴ്‌സുമാര്‍ വന്നില്ല എന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
ഷൂട്ടിങ്ങിന് എത്തിയവര്‍ വാര്‍ഡുകളില്‍ കയറി ഇറങ്ങിയത് കിടപ്പ് രോഗികള്‍ക്കും അസുഖ ബാധിതരായ കുട്ടികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ രാജ് പറഞ്ഞു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവര്‍ക്കു പരാതി നല്‍കും. അതേസമയം സിനിമ ഷൂട്ടിങ്ങിന് എത്തിയ നഴ്‌സ് വേഷം ധരിച്ച നടിമാര്‍ ഉള്ളതിനാല്‍ യഥാര്‍ഥ നഴ്‌സുമാരെ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നു.





























