മുംബൈ : നടിയും നർത്തകിയുമായ സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളത്തിൽ കൃത്രിമക്കാൽ അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് ക്ഷമാപണം. തന്റെ കൃത്രിമക്കാൽ വിമാനത്താവളങ്ങളിൽ സ്ഥിരമായി അഴിച്ചു പരിശോധിക്കുന്നതിൽ സുധാ ചന്ദ്രൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് കൃത്രിമക്കാൽ അഴിച്ചു പരിശോധിക്കേണ്ടതെന്ന് സിഐഎസ്എഫ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെ നടി പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലും വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം.
സിനിമ- സീരിയല്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അര്‍ഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.