ന്യൂഡൽഹി : കോവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കി. 18 – 45 പ്രായക്കാർക്കുള്ള വാക്സിനേഷൻ മേയ് ഒന്നിന് ആരംഭിക്കാനിരിക്കെയാണ് സൗജന്യ വാക്സീൻ പൗരന്റെ അവകാശമാണെന്ന വാദമുയർത്തി പാർട്ടി രംഗത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ ഇരയായി രാജ്യത്തെ മാറ്റരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വാക്സീൻ സൗജന്യമായി വിതരണം ചെയ്യാനുള്ള വഴികൾ തേടാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടു പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സീൻ നൽകുമെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വ്യക്തമാക്കി.