ഡൽഹി: പൗരത്വനിയമ ഭേദഗതിപ്രകാരം പശ്ചിമബംഗാൾ, ഹരിയാണ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ആദ്യഘട്ട അപേക്ഷകർക്ക് പൗരത്വം നൽകി. മേയ് 15-ന് ഡൽഹിയിലും പൗരത്വം അനുവദിച്ചിരുന്നു. ശനിയാഴ്ച ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ എതിർപ്പുമറികടന്ന് പൗരത്വം നൽകിയത്. ഒമ്പതു മണ്ഡലങ്ങളിലാണിനി വോട്ടെടുപ്പ് ബംഗാളിൽ നടക്കാനുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട് 2014 ഡിസംബർ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് സി.എ.എ. കൊണ്ടുവന്നത്.
ഇവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ രാജ്യത്ത് താമസിക്കേണ്ട കാലയളവ് ആറു വർഷമാക്കി ചുരുക്കി. വ്യക്തമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ പൗരത്വം ലഭിക്കും. 2019-ൽ നിയമം പാസാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് മാർച്ച് 11 -നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ പൗരത്വത്തിന് അർഹരായ ആളുകളുടെ അപേക്ഷ സ്വീകരിക്കാൻ ജില്ലാ പോസ്റ്റൽ സൂപ്രണ്ട് ചെയർമാനായി ജില്ലാതല കമ്മിറ്റിയെയും നിയോഗിച്ചു. പൗരത്വം നൽകുന്നതിനു മുന്നോടിയായി അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കാൻ സംസ്ഥാനതലത്തിൽ സെൻസസ് ഡയറക്ടർ അധ്യക്ഷനായ സമിതിയെയും ഏർപ്പെടുത്തി.