തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സിഐടിയു നീക്കം. ഇതിനായി ബംഗാളില്‍ നിന്നും സിപിഎമ്മിന്റെ സംഘടന തൊഴിലാളികളെയും പ്രാദേശിക നേതാക്കളെയും സംസ്ഥാനത്തേക്ക് എത്തിക്കാനാണ് സിഐടിയു തീരുമാനം. ഇവരിലൂടെ അന്യസംസ്ഥാന തൊഴിലാളികളെ സിഐടിയുവിന്റെ ഭാഗമാക്കി സംഘടനാപരമായി ഒന്നിക്കാനാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനം.
നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും മറ്റുമായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇവരില്‍ പലര്‍ക്കും കേരളത്തില്‍ വോട്ടവകാശമുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിരജോലി ചെയ്യുന്ന ഇവരെ സംഘടിപ്പിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഭാഷ തന്നെയാണ്. അതിനാല്‍ ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുന്ന പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഇത് സാധ്യമാകൂ എന്നാണ് സിഐടിയു വിലയിരുത്തുന്നത്.
സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ മാത്രം 1.1 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും അരലക്ഷത്തിന് മുകളില്‍ ആളുണ്ട്. ഈ മേഖലയിലുളളവരെ സംഘടനയുടെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ അത് ഇടതുമുന്നണിക്ക് സൃഷ്ടിക്കുന്നത് വലിയ നേട്ടമാവും. ഇതിനായി ജൂണില്‍ എറണാകുളത്ത് സംസ്ഥാന പഠനക്യാമ്പ് നടത്തുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.