അഹ്മദാബാദ്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉറക്കം തൂങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പരിപാടിയില്‍ ഉദ്യോഗസ്ഥന്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജ് നഗരസഭയിലെ ചീഫ് ഓഫിസറായ ജിഗര്‍ പട്ടേലിനെതിരെയാണ് നടപടി.
കച്ചിലെ ഭൂകമ്പബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്ന വേദിയിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സദസിലിരുന്ന് ജിഗര്‍ ഉറക്കം തൂങ്ങിയതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു. 1971ലെ ഗുജറാത്ത് സിവില്‍ സര്‍വീസ്(അച്ചടക്ക) നിയമം അനുസരിച്ചാണ് ജിഗര്‍ പട്ടേലിനെ സസ്പെന്‍ഡ് ചെയ്തതെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഗുരുതരവീഴ്ചയും അലംഭാവവും അശ്രദ്ധയും കാണിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.