പത്തനംതിട്ട : ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസിംഗ് ഔട്ടില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ നടപടി സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ക്കാകും. ഇത്തരത്തില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സേവനം നാടാകെയുണ്ടാകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് അനുമതി നല്‍കും. സേനാംഗങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടാകും. പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷാകാര്യങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കിയ 2400 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ പാസിംഗ് ഔട്ടാണ് നടന്നത്. പത്തനംതിട്ട ജില്ല ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് ഏകദേശം 150 വീതം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അഗ്‌നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ ഡോ.ബി.സന്ധ്യ, ഡയറക്ടര്‍(ടെക്നിക്കല്‍) എം.നൗഷാദ്, ഡയറക്ടര്‍ (ഭരണം) അരുണ്‍ അല്‍ഫോണ്‍സ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.നരസിംഹംഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാര്‍ എന്നിവര്‍ ജില്ലാതലത്തില്‍ സല്യൂട്ട് സ്വീകരിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ധകുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ടെക്‌നിക്കല്‍ നൗഷാദ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. പിന്നീട് എല്ലാ അംഗങ്ങളും പ്രതിജ്ഞ ചൊല്ലി.
പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായി (ബിജു കുമ്പഴ), ഡെപ്യൂട്ടി ഡിവിഷണല്‍ വാര്‍ഡന്‍ മഞ്ജു ഇലന്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പരേഡ് നയിച്ചത്. ജില്ലയിലെ ആറു നിലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 155 പേരാണ് പരേഡിനായി അണി നിരന്നത്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കീഴിലുള്ള സന്നദ്ധ സേനയാണ് സിവില്‍ ഡിഫന്‍സ്. സ്റ്റേഷന്‍ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശീലനം പൂര്‍ത്തിയാക്കിയ 2400 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ പാസിംഗ് ഔട്ടാണ് 13 ജില്ലാ ആസ്ഥാനങ്ങളിലും തൃശൂരിലെ രാമവര്‍മപുരം ഫയര്‍ & റസ്‌ക്യു സര്‍വീസസ് അക്കാദമിയിലുമായി നടന്നത്.
2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും സിവില്‍ ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന് കാരണമായത്. കേരളത്തിലെ 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴിലായി 50 പേര്‍ വീതം 6200 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു ഘട്ടം പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ച 2400 പേര്‍ക്കാണ് പാസിംഗ് ഔട്ട്. ആദ്യമായാണ് ഇത്രയും വിപുലമായ ഒരു പാസിംഗ് ഔട്ട് ഓണ്‍ലൈനായി നടക്കുന്നത്.
ദുരന്തമുഖത്ത് ആദ്യ പ്രതികരണവുമായെത്തുന്ന തദ്ദേശവാസികള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കുകയും അവരുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുകയുമാണ് സിവില്‍ ഡിഫന്‍സ് രൂപീകരണം വഴി ലക്ഷ്യം വയ്ക്കുന്നത്. പാസ്സിംഗ് ഔട്ട് കഴിഞ്ഞതോടെ കേരളത്തിലെ ദുരന്തനിവാരണം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് സാധ്യമാവുകയാണ്. തദ്ദേശവാസികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കുകയും പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുകയാണ് സിവില്‍ ഡിഫന്‍സിന്റെ ലക്ഷ്യം. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നല്‍കിയത്.