റാന്നി : സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ 317-ാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടിയ ഹൃദ്യ എസ്.വിജയനെ വീട്ടിലെത്തി സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആദരിച്ചു. സി.പി.ഐ റാന്നി ലോക്കല്‍ കമ്മറ്റി അംഗവും റിട്ട. തഹസില്‍ദാരുമായ കെ.എന്‍ വിജയന്‍റെയും പത്തനംതിട്ട കലക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ടും ജോയിന്‍റ് കൗണ്‍സിലംഗവുമായ വി.ടി സിന്ധുവിന്‍റെയും മൂത്തമകളായ റാന്നി ഇടക്കുളം പാലച്ചുവട് ഹൃദ്യം വീട്ടില്‍ ഹൃദ്യ എസ്. വിജയന്‍(26)നെയാണ് ആദരിച്ചത്.
സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, ജോജോ കോവൂര്‍, വിപിന്‍ പൊന്നപ്പന്‍, ജോയി വള്ളിക്കാല, എം മഞ്ചു എന്നിവരും ഒപ്പമുണ്ടായിരുന്നു. റാന്നി സിറ്റാഡല്‍ സ്കൂളില്‍ പഠിച്ച ഹൃദ്യ കോട്ടയം സി.എം.എസ് കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ചെറുപ്പം മുതല്‍ ഐ.എ.എസ് നേടണമെന്ന ആഗ്രഹമുണ്ടായിരുന്ന ഹൃദ്യ ബിരുദ പഠനത്തിനു ശേഷം കോച്ചിംങ് സെന്‍ററില്‍ പരിശീലനം നടത്തിയാണ് വിജയിച്ചത്. ഏക സഹോദരി ഹിത എസ് വിജയന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.