തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം. സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ആഭ്യന്തരവകുപ്പാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്‍പ്പടെ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു.
പക്ഷേ ഈ സംവിധാനങ്ങളെയും മറികടന്ന് സ്വപ്നയും മറ്റ് സ്വര്‍ണക്കടത്ത് പ്രതികളും നിരന്തരം സെക്രട്ടറിയേറ്റിലെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച സര്‍ക്കാര്‍ ഏതാവശ്യത്തിന് വരുന്നുവെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയ ശേഷം മാത്രം സന്ദര്‍ശകരെ അനുവദിക്കൂവെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉത്തരവിറക്കിയിരുന്നു. സെക്രട്ടറിയേറ്റിലെത്തുന്ന സന്ദര്‍ശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ആഭ്യന്തരവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ഐ എ എസ്, ഐ പി എസ് ഉദ്യോഗ്സഥര്‍ക്കും അകത്തേക്ക് പ്രവേശനമുള്ളു. വിരമിച്ചവര്‍ക്കും ഇത് ബാധകമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സെക്രട്ടറിയേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കറന്‍സി കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആരോപണത്തിലായിരിക്കുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിക്കാനും സാധ്യതയുള്ളതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്നും സൂചനയുണ്ട്.