പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഉടമകളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ഏഴു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്കിയിരിക്കുന്നത്. വീണ്ടും 14 ന് കേസ് പരിഗണിക്കുമ്പോള്‍ തെളിവെടുപ്പിനു ശേഷം പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കും.
പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ എന്ന റോയി, ഭാര്യ പ്രഭാ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ തോമസ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തോമസ് ഡാനിയേൽ ഇപ്പോൾ മാവേലിക്കര സബ്ബ് ജയിലിലും ഭാര്യയും രണ്ടു പെൺമക്കളും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. പ്രാഥമിക കണക്ക് അനുസരിച്ച് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഉടമകൾ നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നും പരാതി നൽകാത്ത നിരവധിപ്പേർ ഇനിയുമുണ്ടെന്നും പോലീസ് പറയുന്നു.
പോപ്പുലര്‍ ഉടമ റോയി നല്‍കിയ പത്തനംതിട്ട സബ് കോടതിയിലെ പാപ്പര്‍ ഹര്‍ജിയും ഇന്നായിരുന്നു പരിഗണിച്ചത്. ഈ കേസിലെ അഭിഭാഷകരെ മാറ്റണമെന്ന ഉടമകളുടെ ഹർജി കോടതി തള്ളി. ഈ കേസ് വീണ്ടും പതിനാലിന് കേൾക്കും.