ഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിൽ പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാവ്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും അവർ ഭിന്നിച്ചു നിൽക്കുകയാണെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് പറഞ്ഞു. പ്രതിപക്ഷ ഐക്യം ഇതാണെങ്കിൽ ഭാവിയിലും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി. ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നിന്നുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചുള്ള എക്സ് പോസ്റ്റിലാണ് സൗരവ് ദാസിൻ്റെ പ്രതികരണം.
“ഭൂരിപക്ഷം വിദ്യാർത്ഥികളും നിലവിലെ ഭരണപക്ഷത്തിന് എതിരാണ്. എന്നാൽ അവർ ഭിന്നിച്ചു നിൽക്കുന്നത് കൊണ്ട് അതിന്റെ ലാഭം ഭരണപക്ഷത്തിന് ലഭിക്കുന്നു. എങ്കിലും ഇതിലൊരു പ്രതീക്ഷയുടെ കിരണമുണ്ട്. പദവികൾ നേടിയവർ തങ്ങൾ രാജാക്കന്മാരോ രാജ്ഞിമാരോ അല്ലെന്ന് ഓർക്കണം. ഭൂരിപക്ഷം പേരും അവർക്ക് വോട്ട് ചെയ്തിട്ടില്ല”- സൗരവ് ദാസ് പറഞ്ഞു. സിജെപിയെ വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കോൺഗ്രസും അതിന്റെ സംഘടനാ സംവിധാനങ്ങളും സ്വന്തം കാര്യങ്ങൾ ശരിയാക്കാൻ നോക്കുന്നതാണ് നല്ലത്. ഈ ശരിയാക്കൽ കളി തുടങ്ങിയിട്ട് ഇപ്പോൾ 12 വർഷമായി. ജനങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. എൻഎസ്‍യുഐ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച വിമത സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇത് വ്യക്തമാണെന്ന് സൗരവ് ദാസ് പറഞ്ഞു.































