തുമ്പമൺ : പഞ്ചായത്തിലെ 11-ാം വാർഡ് കുടുംബശ്രീയിൽ അഴിമതി നടന്നതായുണ്ടായ പരാതി പരിഹരിക്കാൻ നടത്തുന്ന ശ്രമത്തിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. സിഡിഎസ് ഓഫീസിൽ വെള്ളിയാഴ്ച രാവിലെ പരാതിക്കാരായ കുടുംബശ്രീ പ്രവർത്തകരും അഴിമതി ആരോപിതരും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. കുടുംബശ്രീ പ്രവർത്തകരായ കല്യാണി, രാധാമണി എന്നിവർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്നാം വാർഡിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീയുടെ മുൻപ്രസിഡന്റും പത്ത് അംഗങ്ങളും അഴിമതി നടത്തിയതായി ആരോപിച്ച് മുഖ്യമന്ത്രിക്കും കുടുംബശ്രീ ജില്ലാ മിഷനും ഉന്നതഉദ്യോഗസ്ഥർക്കും അംഗങ്ങൾ പരാതി നൽകിയിരുന്നു.
തുടർന്ന് വെള്ളിയാഴ്ച രാവിലെ 11-ന് പരാതിക്കാരോട് പരാതി കേൾക്കാനായി പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ എത്താൻ ജില്ലാ കുടുംബശ്രീ മിഷനിൽനിന്ന് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇരുകൂട്ടരും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. കുടുംബശ്രീ മിഷനിൽനിന്ന് എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥ എത്താതിരുന്നതോടെ ഇരുകൂട്ടരും വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. പന്തളം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവം അറിഞ്ഞ് സിപിഎം പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തി. പരാതി കേൾക്കാൻ ചുമതലപ്പെട്ടവർ ജില്ലാ മിഷനിൽനിന്ന് എത്താതിരുന്നതാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണമെന്നും സിപിഎം ആരോപിച്ചു. പരാതിയായി പറയാൻ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ എത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നും ഇതിൽ പ്രതിഷേധിക്കുന്നുവെന്നും സിപിഎം തുമ്പമൺ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.