തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഇതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സെക്രട്ടറിയേറ്റിന് പുറത്ത് എംജി റോഡിലും യുവമോർച്ച പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പ്രദേശത്തെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ജലപീരങ്കി പ്രയോഗത്തിനിടെ വീണുപരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. എന്നാൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. തനിക്കെതിരായ അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് എഡിജിപി കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ തന്നെ സ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ കത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.